ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
മലബാറിന്റെ സാംസ്കാരിക സിരാകേന്ദ്രമായ കോഴിക്കോട് നഗരത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമാണ് ഒളവണ്ണ. സാമൂതിരി രാജാക്കന്‍മാരുടേയും തുടര്‍ന്നുവന്ന ബ്രിട്ടീഷ് ഭരണാധികാരികളുടെയും സ്വാധീനം ഈ പ്രദേശത്തിന്റെ സാംസ്കാരിക പാരമ്പര്യത്തെ സ്വാധീനിച്ചിട്ടുണ്ട്. വളക്കൂറുള്ള മണ്ണിന്റെ സാന്നിദ്ധ്യം കൊണ്ട് സമ്പുഷ്ടമായ പ്രദേശം ആയതുകൊണ്ടാണ് പഞ്ചായത്തിന് ഒളവണ്ണ എന്ന പേര് സിദ്ധിച്ചതെന്ന് പറയപ്പെടുന്നു. പഴയ കാലത്ത് പഞ്ചായത്തിലെ ഭൂവുടമാവകാശം പ്രധാനമായും സാമൂതിരി രാജവംശത്തില്‍ നിന്നും അയ്യായിരപ്രഭുകര്‍ത്താവിന്റെ കൈവശത്തിലായിരുന്നു. അവരില്‍ നിന്നും പല നാടുവാഴി തറവാടുകളുടെ കൈവശത്തിലായി. പൂര്‍ണ്ണമായും ഒരു കാര്‍ഷിക മേഖലയായിരുന്ന ഇവിടെ പാട്ടവ്യവസ്ഥ കൊണ്ടും മേല്‍ ചാര്‍ത്ത് സമ്പ്രദായം കാരണം കടുത്ത ചൂഷണത്തിനും വിധേയരാകുമായിരുന്നു യഥാര്‍ത്ഥ കര്‍ഷകര്‍. 1957-ല്‍ അധികാരത്തില്‍ വന്ന ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ഗവണ്‍മെന്റ് ആദ്യമായി ഒപ്പുവെച്ച കുടി ഒഴിപ്പിക്കല്‍ നിരോധന ഓര്‍ഡിനന്‍സിലൂടെ നൂറുകണക്കിന് ദരിദ്ര കുടിയാന്മാര്‍ ജന്മിമാരുടെ ഒഴിപ്പിക്കല്‍ ഭീഷണിയില്‍ നിന്ന് മോചിതരായി. ഒളവണ്ണ പഞ്ചായത്തിന് ശക്തമായ സാംസ്ക്കാരിക പാരമ്പര്യമുണ്ട്. സ്വാതന്ത്ര്യപ്രസ്ഥാന കാലഘട്ടത്തിലും അതിനുശേഷവും വായനശാലകള്‍ വഴി വയോജനവിദ്യാഭ്യാസം നല്‍കാനും, കലാപരിപാടികള്‍ സംഘടിപ്പിക്കാനും, ജനങ്ങളുടെ പൊതുബോധം ഉയര്‍ത്താനും ഇതു കാരണമായിട്ടുണ്ട്. ഒളവണ്ണ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 47 ഹിന്ദുക്ഷേത്രങ്ങളും 27 മുസ്ളീം പള്ളികളും ഇന്നുണ്ട്. ക്ഷേത്രകലകളായ തെയ്യം, തിറ എന്നിവ ഇവിടെ സജീവമായിരുന്നു. കോല്‍ക്കളി, പരിചമുട്ടുകളി, വട്ടക്കളി, പുലിക്കളി, തുടിതോറ്റം, ദഫ്മുട്ട് തുടങ്ങി നാടന്‍ കലകളും ഇവിടുത്തെ പ്രത്യേകതയായിരുന്നു. പഞ്ചായത്തിന്റെ മദ്ധ്യത്തിലായി നിലനില്‍ക്കുന്ന പാലകുറുമ്പ ക്ഷേത്രം എല്ലാ ജാതിമതസ്ഥരും ഒത്തുചേരുന്ന ഒരു വന്‍ ഉത്സവകേന്ദ്രം തന്നെയാണ്. ഇവിടുത്തെ താലപ്പൊലി, പാട്ടുത്സവം, വേല എന്നിവ ഒളവണ്ണക്കാര്‍ക്കെന്ന പോലെ അയല്‍ പ്രദേശത്തുകാര്‍ക്കും ഒരുത്സവം തന്നെയാണ്. ഇന്നും ആയിരങ്ങള്‍ ഇവിടെ ഒത്തുചേരുന്നു. ഏകദേശം നാലായിരം കൊല്ലം മുമ്പ് നാറാണത്തു ഭ്രാന്തന്‍ സ്ഥാപിച്ചതാണ് ഇവിടുത്തെ പന്തീരാങ്കാവ് ക്ഷേത്രമെന്ന് ഐതിഹ്യമുണ്ട്. അതുപോലെ സാമൂതിരി രാജാവിന്റെ പതിനെട്ടര ക്ഷേത്രങ്ങളില്‍ പെട്ടതാണ് തലപ്പണക്ഷേത്രമെന്നും, ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നാശം സംഭവിച്ചതാണ് മൂര്‍ക്കനാട് അയ്യപ്പക്ഷേത്രം എന്നും ഐതിഹ്യമുണ്ട്. ഒടുമ്പ്രയിലെ കള്ളിക്കുന്നിന് സമീപമുള്ള ഒടുമ്പ്ര പഴയ ജൂമാ അത്ത് പള്ളിക്ക് 600 വര്‍ഷത്തെ പഴക്കമുണ്ട്. ക്ഷേത്രപ്രവേശന സ്വാതന്ത്ര്യത്തിനുവേണ്ടി എ.കെ.ജി.യുടെ നേതൃത്വത്തില്‍ ഗുരുവായൂര്‍ സമരത്തില്‍ പങ്കെടുത്ത വടക്കുവീട്ടില്‍ കുമാരന്‍ സംസ്ഥാന തലത്തില്‍ താമ്രപത്രം നേടിയ വ്യക്തിയാണ്. ഇരുപതാം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വിജ്ഞാന ദാഹികളായ മുന്‍തലമുറക്കാര്‍ നാട്ടെഴുത്തു കളരികളും കുടിപ്പള്ളിക്കൂടങ്ങളും സ്ഥാപിച്ച് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്നു. ഔപചാരിക വിദ്യാഭ്യാസത്തെ ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രാഥമിക വിദ്യാലയം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ സ്ഥാപിതമായ പന്തീരാങ്കാവ് യു.പി.സ്ക്കൂളാണ്. 1930-ല്‍ രൂപീകൃതമായ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ മൂന്ന് വിദ്യാലയങ്ങളും പത്തോളം എയ്ഡഡ് സ്ക്കൂളുകളുമാണ് സ്വാതന്ത്ര്യലബ്ധിക്ക് മുമ്പുണ്ടായിരുന്നത്. 1966-ലാണ് ആദ്യമായി ആധുനിക ചികിത്സാ സംവിധാനത്തിന്റെ ഭാഗമായി പ്രൈമറി ഹെല്‍ത്ത് സെന്റര്‍ പഞ്ചായത്തില്‍ കൊടല്‍ നടക്കാവില്‍ സ്ഥാപിതമാകുന്നത്. ഒളവണ്ണ പഞ്ചായത്തിലെ മാങ്കാവ്-കണ്ണിപറമ്പ് റോഡാണ് ഗതാഗത വികസനത്തിനാധാരം. നാട്ടുരാജാക്കന്മാരുടെ കാലഘട്ടത്തില്‍ സാമൂതിരി കോവിലകത്തിന്റെ കീഴിലുള്ള കണ്ണിപറമ്പ് തീര്‍ത്ഥകുന്ന് ക്ഷേത്രത്തിലേക്ക് സാമൂതിരി കുടുംബം എഴുന്നള്ളിയിരുന്ന നടപ്പാതയായിരുന്നു ഇത്. 1965-66-ലാണ് കുന്നത്തുപാലത്തേക്ക് ബസ് ഗതാഗതമുണ്ടായത്. 1930-ല്‍ പാലാഴിയില്‍ സ്ഥാപിച്ച ഗ്രാമപോഷിണി വായനശാലയാണ് ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ പ്രഥമ സാംസ്കാരിക സ്ഥാപനം. 1946-ല്‍ മണക്കടവില്‍ വിദ്യാഭ്യാസ തല്‍പരരുടെയും സാമൂഹ്യരാഷ്ട്രീയരംഗത്തെ പ്രവര്‍ത്തകരുടെയും ശ്രമഫലമായി ആത്മബോധോദയം വായനശാല സ്ഥാപിതമായി. 1956-ല്‍ പന്തീരാങ്കാവില്‍ ഗ്രാമസേവനി വായനശാലയും കോന്തനാരി ഗ്രാമീണ വായനശാലയും പ്രവര്‍ത്തമാരംഭിച്ചു. കൊടല്‍നടക്കാവിലെ യുവജനവായനശാല 1958-ല്‍ സ്ഥാപിതമായി. തൊണ്ടിലക്കടവിലെ പൊതുവായനശാലയും ഇരിങ്ങല്ലൂരിലെ നവകേരള വായനശാലയും പുരോഗമന സാംസ്ക്കാരിക പരിഷ്ക്കരണത്തിന്റെ ഭാഗമായി നിലവില്‍ വന്നവയാണ്.